ഒരു NIC കഥ -2

കമ്പിളിക്കുള്ളിൽ നിന്നും പുറത്തേക്ക് തലയിട്ട് വിസ്തരിക്കാൻ മടി, മിണ്ടാതെ കിടന്നു…വഴി തെറ്റി വന്ന ഓർമകളിലേക്ക് ഊളിയിട്ടു കൊണ്ട്……

തട്ടിക്കൂട്ട് ബാല്യത്തിന് അല്പമെങ്കിലും നിറം പിടിപ്പിച്ച യാത്രയായിരുന്നു – മൈസൂർ യാത്ര. ടിപ്പു സുൽത്താന്റെ ‘സമ്മർ ഹൗസ് ‘ കണ്ടു വാപൊളിച്ചു നടന്ന എന്നോട് “വല്യ പെൺകുട്ടിയാണ്… നോക്കി നടക്ക് ” എന്ന ശാസന ഇടയ്ക്കിടെ ബുന്ധിമുട്ടിച്ചെങ്കിലും, ആ കാഴ്ചകൾ പഞ്ചേന്ദ്രിയങ്ങൾ തുറന്ന് ആസ്വദിച്ചു.. കൊട്ടാരം ഒറ്റ ഫ്രെയിമിൽ മനസിലെക്കെടുക്കാൻ ഞാൻ പുറകോട്ട് നീങ്ങി. അപ്പോഴാണ് 100ഓളം കാക്കി കുപ്പായക്കാർ പുറത്തേക്ക് വന്നത്..

വിശദമായ സ്കാനിങ് ഞാൻ അവരിൽ നടത്തി.. അവർക്ക് കൂച്ചു വിലങ്ങിടാൻ അവരുടെ അച്ഛനമ്മമാരില്ല.ഭാഗ്യവാന്മാർ.. അതിലൊരു കേഡറ്റുമായി എന്റെ അപ്പൻ വിശേഷങ്ങൾ ചോദിച്ചറിയുന്നു..ഞാനും പുറകെ കൂടി..NCC എന്ന പ്രസ്ഥാനം, ക്യാംപുകൾ, സൗജന്യ യാത്രകൾ, അച്ഛനും അമ്മയും കൂടെ ഇല്ല… കൂടെ നിന്ന് കേട്ട ഞാൻ ഉറപ്പിച്ചു

“NCC നിന്നെ ഞാൻ വിടില്ല “

ഞങ്ങളോട് സംസാരിച്ചു വൈകിയതിനുള്ള ശിക്ഷ ആ ക്ഷണത്തിൽ തന്നെ അയാൾക്ക്‌ കിട്ടി. എങ്കിലും കൂട്ടി കിഴിച്ചു നോക്കിയാൽ ലാഭം തന്നെ.

യു പി ക്ലാസ്സിൽ തുടങ്ങിയ NCC പ്രേമം ഹൈസ്കൂളിലേക്ക് എത്തിയപ്പോൾ ഗൈഡ്സിലേക്ക് എത്തിച്ചു.. ഉള്ളതിൽ എങ്ങനെയെങ്കിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് സുഹൃത്തിന്റെ ജ്യേഷ്ഠന്റെ NCC വിശേഷങ്ങൾ…. ഒറ്റക്കുള്ള യാത്രകൾ, പാരാസെയ്ലിംഗ്, ഗ്ലൈഡിങ്, പട്ടാളക്കാർ ക്ലാസ്സ്‌ എടുക്കുന്നു, തോക്ക്, വെടി….. മനസ്സ് അതു എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു.അതു വഴി അച്ഛനമ്മമാരുടെ ശാസനക്കുളിൽ ശ്വാസം മുട്ടുന്ന എനിക്ക് കിട്ടാൻ പോവുന്ന സ്വാതന്ത്ര്യം …

പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക്‌ NCC ഉള്ള കോളേജുകൾ… അതായിരുന്നു എന്റെ ലക്ഷ്യം… ശേഷം അഡ്മിഷൻ….. അങ്ങനെ NCC എന്റെ കൈപ്പിടിയിൽ…..

അന്നായിരുന്നു എനിക്ക് സ്വാതന്ത്ര്യം കിട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *